ഫ്ലാഷ് സോഫ്റ്റ്വെയര് ഉപയോഗിച്ച് ആനിമേഷന് എങ്ങനെ ചെയ്യാമെന്ന് ലളിതമായി വിവരിക്കുകയാണീ പുസ്തകത്തില്.നാലു വര്ഷം മുമ്പ് ഇന്ഫോകൈരളി മാഗസിന് എഡിറ്റര് സോജന് ജോസ് ആവശ്യപ്പെട്ടപ്രകാരം തയ്യാറാക്കിയതാണ് ഈ പുസ്തകം. ചില കാരണങ്ങളാല് അന്ന് പ്രസിദ്ധീകരിക്കാന് കഴിയാതെ പോയി. സോഫ്റ്റ്വെയര്കളുടെ വെര്ഷനുകള് വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നതിനാല് പിന്നീടിത് പ്രസിദ്ധീകരിക്കേണ്ടെന്നു വച്ചു. 2008-ല് എന്റെ വെബ്സൈറ്റായ toonzkerala.com-ല് ഈ പുസ്തകം സൌജന്യമായി ഡൌന്ലോഡ് നല്കുകയുണ്ടായി. ഇപ്പോള് ആ സൈറ്റ് നിലവിലില്ല. പകരം ആവശ്യക്കാര്ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ ആരോ ബട്ടണ് ക്ലിക് ചെയ്ത് സൌജന്യമായി ഡൌണ്ലോഡ് ചെയ്യാം. ഇതേ വിന്ഡോയിലെ ഫുള്സ്ക്രീന് ബട്ടണ് ഞെക്കി ഓണ്ലൈനായി വായിക്കുകയുമാകാം.
സോഫ്റ്റ്വെയര് പഠിപ്പിക്കുന്ന വിര്ച്വല്ടീച്ചര് സിഡികള് നിര്മ്മിക്കുന്ന സോണിജോസ് ഒരു ദിവസം സംസാരത്തിനിടെ കുട്ടികള്ക്ക് വേണ്ടി പാട്ടുകളും കഥകളും ചേര്ന്ന ഒരു ആനിമേഷന് പ്രോഗ്രാം നമുക്ക് ചെയ്ത്കൂടേയെന്ന് തിരക്കി. എനിക്കും താത്പര്യമായിരുന്നു അത്തരമൊരു പ്രൊജക്ട്. അത് തികച്ചും കേരളീയമായിരിക്കണമെന്ന് ഞാന് ആഗ്രഹിച്ചു. അതില് മഞ്ഞുള്ള ദേശത്തെ വീടുകളും വിദേശകുട്ടികളും ഉണ്ടാകരുതെന്നും ആഗ്രഹിച്ചു. “മൂന്നു സഞ്ചിനിറയെ ആടിന്റെ രോമം എങ്ങനെ കിട്ടിയെന്നറിയാതെ” "ബാ...ബാ... ബ്ലാക്ക് ഷീപ് "എന്ന് വാപൊളിക്കുന്ന നമ്മുടെ കുട്ടികള്ക്ക് വേണ്ടിയൊരു സിഡി. (അവരുടെ മാതാപിതാക്കള്ക്കിഷ്ടപ്പെടുമോന്നറിയില്ല).
അതിലേക്കുള്ള നാടന് പാട്ടുകള് തിരഞ്ഞെടുക്കുമ്പോള് വരികളുടെ എണ്ണം കുറവുള്ളത് മാത്രമെടുക്കാന് തീരുമാനിച്ചു. കുട്ടികള്ക്ക് ഓര്ത്തിരിക്കാനെളുപ്പമാകട്ടെ. നല്ലൊരു കാവ്യാസ്വാദകന് കൂടിയായ സംഗീത സംവിധായകന് കെ എം ഉദയനോടൊപ്പം കുറേ നാടന്പാട്ടുകളില് നിന്നും ആറെണ്ണം തിരഞ്ഞെടുത്തു. നാടന് പാട്ടുകള് സംഗീതം നല്കി അവതരിപ്പിക്കുമ്പോള് ചെയ്യാറുള്ള സ്ഥിരം മാതൃക ഒഴിവാക്കണമെന്ന് പറഞ്ഞു. പകരം ലളിതവും താളാത്മകവുമായ സംഗീതമായിരിക്കണമെന്നും ഉദയന് മാഷിനോട് സൂചിപ്പിച്ചു.
നാടന് പാട്ടുകളെല്ലാം പ്രദേശികമാണല്ലൊ. എന്റെ നാട് കൊല്ലം ജില്ലയിലാണ് കടയ്ക്കലിനടുത്ത് വളവുപച്ച എന്ന ഗ്രാമം. അവിടെ ഞാന് പ്രൈമറിക്ളാസില് പഠിക്കുമ്പോള് (എഴുപതുകളില്) ഞങ്ങള് കുട്ടികള് പാടുമായിരുന്ന ഒരു പാട്ടെനിക്ക് ഓര്മ്മവന്നു. അതിങ്ങനെ- "മേലോട്ട് നോക്കെടി ചക്കീ ഏറോപ്ളേന് പോണത് കണ്ടാ അയ്യ! ഇതാരുടെ വേല ഇത് സായിപ്പമ്മാരുടെ വേല"
ഈ ഗാനവും ഞങ്ങള് തിരഞ്ഞെടുത്തിരുന്നു. ഞാന് കരുതിയിരുന്നത് ഇത് കേരളം മൊത്തം അറിയപ്പെടുന്ന പാട്ടെന്നായിരുന്നു. എന്നാല് ഉദയന് മാഷിനുള്പ്പടെ എനിക്കറിയാവുന്ന എറണാകുളത്തുകാരില് ഒരാള് പോലും ഈഗാനം കേട്ടിട്ടുണ്ടായിരുന്നില്ല! എന്നാല് നാട്ടില് പുതിയ തലമുറയിലെ കുട്ടികളും ഈ പാട്ട് പാടുന്നത് ഞാന് കേട്ടിരുന്നു. അപ്പോള് ഒരു സംശയം- ഈ പാട്ട് കൊല്ലം ജില്ലയുടേതാണോ? അതോ തെക്കന് കേരളത്തിന്റേതോ?
കെ എം ഉദയന് അതിമനോഹരമായി ഗാനങ്ങള് ചിട്ടപ്പെടുത്തി. ഞാന് പ്രതീക്ഷിച്ചതിലും മേലെ. "മേലോട്ട്നോക്കെടി" പാടിയത് മിനിയും ശ്രുതിയുമായിരുന്നു. ജയറാം കാലത്തെ കലാഭവന്റെ മുഖ്യഗായകനായിരുന്ന സാബുവിന്റെ ഭാര്യയും മകളും. ഈ പാട്ടിന്റെ താളം കേട്ടപ്പോഴേ എന്റെ മനസ്സില് മണികിലുക്കി നീങ്ങുന്ന ഒരു കാളവണ്ടി തെളിഞ്ഞു. എന്റെ കുട്ടിക്കാലം ഞാനോര്ക്കുന്നു.
സിഡിയുടെ പേര്- മിടുമിടുക്കന്
യൂട്യൂബിലെ വീഡിയോക്ക് കിട്ടിയ ഒരു കമന്റ് ഇങ്ങനെ- nsgkumar :-)Thanks Boss..I am loving it~
Took me so many years back down the memory lane..I vividly remember this being sung to me by Ammoomma while she desperately tried to feed my daily ration of Farex!
May be it worked..I am a Commercial Pilot who fly for a living!
കേരളത്തില് ആനിമേഷനെക്കുറിച്ചുള്ള അവബോധത്തിന് മികച്ച തുടക്കം കുറിച്ചത് തിരുവനന്തപുരം ടെക്നോപാര്ക്കിലുള്ള 'ടൂണ്സ് ആനിമേഷന്‘ എന്ന സ്ഥാപനമാണ്. ഒരു അമേരിക്കന് മലയാളിയായിരുന്നു അതിന് പിന്നില്. 500 ഓളം ആര്ട്ടിസ്റ്റുകള് പണിയെടുക്കുന്ന ഈ സ്ഥാപനം വിദേശത്തുള്ള പ്രേജക്ടുകള് ഏറ്റെടുത്ത് ചെയ്ത്കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ഇടയ്ക്ക് 'തെന്നാലിരാമന്' എന്ന ഒരു ആനിമേഷന് സീരിയല് അവര് സ്വന്തമായി നിര്മ്മിക്കുക ഉണ്ടായെങ്കിലും അത് വേണ്ടത്ര ശ്രദ്ധപിടിച്ചു പറ്റിയില്ല. എങ്കിലും കേരളത്തിന് അഭിമാനപൂര്വം പറയാവുന്ന നിലയില് ഒരു ആനിമേഷന് സ്ഥാപനമുള്ളത് “ടൂണ്സ്“ തന്നെയാണ്. ഇപ്പോള് "Hanuman Returns" എന്ന ഹിന്ദി ആനിമേഷന് സിനിമയുടെ പണിപ്പുരയിലാണ് ടൂണ്സിപ്പോള്!
ചെറിയ ചെറിയ ആനിമേഷന് സ്റ്റുഡിയോകള് കേരളത്തില് അങ്ങിങ്ങായി ആരംഭിച്ചെങ്കിലും കേരളത്തിന്റെ അല്ലെങ്കില് ഇന്ത്യയിലെ ആനിമേഷന് മാര്ക്കറ്റിനെക്കുറിച്ചുള്ള ധാരണ ഇല്ലായ്മ, ആനിമേഷന്റെ സാങ്കേതികതയില് വേണ്ടത്ര അറിവില്ലായ്മ ഒക്കെക്കൂടി ആ കമ്പനികളുടെ നിലനില്പ്പിനെ ബാധിച്ചു.
പത്രക്കാരും ആനിമേഷന് ഇന്സ്റ്റിറ്റ്യൂട്ടുകളും കൊട്ടിഘോഷിക്കുന്നത് പോലുള്ള സാദ്ധ്യത ആനിമേഷന് ഫീല്ഡില് ഇന്ത്യയ്ക്കുണ്ടോ? ഇല്ലെന്ന് വേണം കരുതാന്!
3D യ്ക്കാണ് ഇന്ന് ഡിമാന്റ് കൂടുതല്. പക്ഷേ ഇന്ത്യന് സാഹചര്യത്തില് ക്വാളിറ്റിയുള്ള 3D ആനിമേഷന് ലാഭകരമായി വിറ്റഴിക്കാന് പ്രയാസമാണ്. ഒരു ആനിമേഷന് സംസ്കാരം നമുക്കില്ലത്തതാണ് പ്രധാന കാരണം. കാര്ട്ടൂണ് സിനിമകള് കുട്ടികള്ക്ക് മാത്രമുള്ളതാണെന്ന് ഏതാണ്ട് നല്ലശതമാനം ആള്ക്കാരും കരുതുന്നു. കാര്ട്ടൂണ് സിനിമകള് കാണുന്നതോ അത് കണ്ട് ചിരിക്കുന്നതോ പക്വതയില്ലാത്ത പരിപടിയണെന്ന് പൊതുവെ ധാരണയുള്ളതു പോലെ തോന്നുന്നു. ഇത്തരത്തില് കുട്ടികള്ക്ക് മാത്രമായയി സംവരണം ചെയ്യപ്പെട്ട ഒരു മാര്ക്കറ്റില് ഏറെ പണച്ചിലവ് വരുന്ന ഒരു മീഡീയക്ക് എത്രനാള് പിടിച്ച്നില്ക്കാനാവും?
CEL ആനിമേഷന് എന്നാണ് പാരമ്പര്യ 2D ആനിമേഷന് പറയാറുള്ളത്. (ആദ്യകാലത്ത് സെല്ലുലോയ്ഡ് ഷീറ്റിലായിരുന്നു ആനിമേഷന് വേണ്ടിയുള്ള ചിത്രങ്ങള് വരച്ചിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആനിമേഷന് കഥാപാത്രം കൂടി അഭിനയിച്ച സിനിമ 'ഓ ഫാബി' നിര്മ്മിച്ചതും ഈ സങ്കേതം ഉപയോഗിച്ചായിരുന്നു.) CEL ആനിമേഷനു വളരെയേറെ ആനിമേറ്റര്മാരും സമയവും ആവശ്യമാണ്. അതുകൊണ്ട് തന്നെ 2D CEL ആനിമേഷന് വളരെ ചിലവേറിയതുമാണ്. 3D ആനിമേഷനാകട്ടെ വളരെ മികച്ച കംപ്യൂട്ടറും സമയവും ആവശ്യമാണ് - നല്ല ആനിമേഷന് സൃഷ്ടിക്കാന്. ഇങ്ങനെയൊരവസരത്തില് സ്വതന്ത്രമായി ഏറെ ചിലവ് കുറച്ച് ചെയ്യാന് പറ്റിയ ആനിമേഷന് മെത്തേഡ് നമുക്കാവശ്യമായി വരുന്നു.
കംപ്യൂട്ടറിനെയൊരു 'അതിശയ യന്ത്ര 'മായി കാണുകയയാണ് നമ്മള് ഭൂരിഭാഗവും. കംപ്യൂട്ടര് അറിയാവുന്നവരും അതില് പണിയെടുക്കുന്നവര് പോലും കംപ്യൂട്ടര് വെറുമൊരു ഉപകരണ (tool)മാണെന്ന് തരിച്ചറിയാന് ശ്രമിക്കുന്നില്ല. പ്രമുഖ പത്രങ്ങളില് പോലും ഇതിന്റെ പ്രതിഫലനം കാണാം. ഈയിടെ മലയാളത്തിലെ ഒരു ദിനപ്പത്രത്തില് കണ്ടു-“ കംപ്യൂട്ടര് തയ്യാറാക്കിയ കുറ്റവാളിയുടെ ചിത്രമെന്ന്“! അത് വായിക്കുന്ന സാധാരണക്കാരന് എന്തായിരിക്കും കരുതുക? “കുറ്റവാളിയെക്കുറിച്ചുള്ള വിവരണം ഒരാള് കംപ്യൂട്ടറിനോട് പറയുന്നു, കംപ്യൂട്ടര് ഒരു നിമിഷം പോലും ചിന്തിക്കാനെടുക്കാതെ കുറ്റവാളിയുടെ മുഖം സ്ക്രിനില് ഡിസൈന് ചെയ്തുകാണിക്കുന്നു“ - എന്ന രീതിയിലായിരിക്കാം .
നമുക്കറിയാം അങ്ങനെയെരു കംപ്യൂട്ടറും ഉണ്ടായിട്ടില്ലെന്ന്. ഇനിയിപ്പോള് കംപ്യൂട്ടറില് തയ്യാറാക്കിയ കുറ്റവാളിയുടെ ചിത്രം എന്നെഴുതിയാല് തന്നെ ആ പ്രയോഗം ശരിയാണോ? പേന ഉപയോഗിച്ച് അല്ലെങ്കില് പെന്സില് ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രം എന്ന് പൊതുവേ പ്രയോഗിക്കാറുണ്ടോ? ഇവിടെ പേനയ്ക്കും പെന്സിലിനുമുള്ള പ്രാധാന്യമേ കംപ്യൂട്ടറിനുമുളളു. കംപ്യൂട്ടറാണെങ്കില് ചിത്രകാരന് വേണ്ടയെന്ന ധാരണയാണ് മേല് പറഞ്ഞ പത്രക്കുറിപ്പുകൊണ്ടുണ്ടാകുന്നത്.
നിങ്ങള്ക്ക് പേപ്പറില് വരയ്ക്കാന് അറിയില്ലെങ്കില് കംപ്യൂട്ടറിലും വരയ്ക്കാനാകില്ല. കംപ്യൂട്ടര് നിങ്ങളുടെ ജോലി ലഘൂകരിക്കുമെന്നേയുള്ളു. അതൊന്നും സ്വന്തമായി സൃഷ്ടിക്കുന്നില്ല.
കുറച്ച് വിശദമായി ഇത്രയും എഴുതിയത് ആനിമേഷന് പഠിക്കാനിറങ്ങി പുറപ്പെടുന്നവര് മുന്കൂട്ടി ആലോചിച്ച ശേഷം വേണമതിന് തയ്യാറാകാന് എന്ന് സുചിപ്പിക്കാന് കൂടിയാണ്. ആനിമേഷന് പഠിക്കണമെങ്കില് ഒന്നുകില് നിങ്ങള്ക്ക് നന്നായി വരയ്ക്കാനുള്ള കഴിവുണ്ടായിരിക്കണം. അല്ലെങ്കില് സിനിമയോടുള്ള നല്ല താല്പര്യം. ആനിമേഷന് ഇപ്പോള് നല്ല സ്കോപ്പുണ്ട് എന്ന് കേട്ട് ചാടിപുറപ്പെടുന്നവരാണധികവും. മറ്റ് ഓഫീസാവശ്യങ്ങള്ക്കുള്ള സോഫ്റ്റ്വെയറുകള് പഠിക്കുന്നതുപോലെ പഠിച്ചതുകൊണ്ടായില്ല. പ്രതിഭയും പ്രയത്നവും വേണം ആനിമേഷന്. 2D ആനിമേഷനായാലും 3D യായലും ആനിമേഷന്റെ അടിസ്ഥാനതത്വങ്ങള് ഒന്ന് തന്നെയാണ്. അത് പാലിക്കാതെ ആനിമേഷന് ചെയ്യാനാകില്ല. ഒരു കഥാപാത്രത്തെ കമ്പ്യൂട്ടറില് സൃഷ്ടിച്ച് അതിനു ആവശ്യമുള്ള ഭാരവും ജീവനും തോന്നിപ്പിക്കാനും കഴിയണം. ഒരു തൂവലും ഇരുമ്പും ഒരേ പോലാകില്ലലോ വീഴുന്നത്. വലിയ ഒരു ഇരുമ്പ് കട്ടിയും തീരെ ചെറിയ ഇരുമ്പ് കട്ടിയും തറയില് വീഴുമ്പോള് ഉള്ള പ്രതീകരണം വ്യത്യാസമായിരിക്കുകയില്ലെ. ഇവിടെയെല്ലാം ടൈമിംഗിനെക്കുറിച്ചും ചലനങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ടാകണം. അത്പോലെ നല്ല സിനിമകള് ശ്രദ്ധിച്ച് അതിന്റെ തന്നെ ക്യാമറാ ആംഗിളുകള് കട്ടിംഗ്കളും ആനുകരിച്ച് പഠിക്കണം. കാരണം നമ്മള് വരച്ചാണ് സിനിമ ഉണ്ടാക്കുന്നതെങ്കിലും ക്യാമറ മൂവ്മെന്സ് എല്ലാം സാദാ സിനിമയുടേത് തന്നെയാണ്. സിനിമയ്ക്ക് പ്രയാസമുള്ള ക്യാമറാ മൂവ്മെന്റുകള് ആനിമേഷനില് പരീക്ഷിക്കുകയും ചെയ്യാം.