Tuesday, July 6, 2010

കൊല്ലത്തെ നാടോടിപ്പാട്ട് - മേലോട്ട്‌ നോക്കെടി ചക്കീ...

സോഫ്റ്റ്വെയര്‍ പഠിപ്പിക്കുന്ന വിര്‍ച്വല്‍ ടീച്ചര്‍‍ സിഡികള്‍ നിര്‍മ്മിക്കുന്ന സോണി ജോസ് ഒരു ദിവസം സംസാരത്തിനിടെ കുട്ടികള്‍ക്ക്‌ വേണ്ടി പാട്ടുകളും കഥകളും ചേര്‍ന്ന ഒരു ആനിമേഷന്‍ പ്രോഗ്രാം നമുക്ക് ചെയ്ത്കൂടേയെന്ന് തിരക്കി. എനിക്കും താത്പര്യമായിരുന്നു അത്തരമൊരു പ്രൊജക്ട്‌. അത് തികച്ചും കേരളീയമായിരിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചു. അതില്‍ മഞ്ഞുള്ള ദേശത്തെ വീടുകളും വിദേശകുട്ടികളും ഉണ്ടാകരുതെന്നും ആഗ്രഹിച്ചു. “മൂന്നു സഞ്ചിനിറയെ ആടിന്റെ രോമം എങ്ങനെ കിട്ടിയെന്നറിയാതെ” "ബാ...ബാ... ബ്ലാക്ക് ഷീപ് " എന്ന്‌ വാപൊളിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക്‌ വേണ്ടിയൊരു സിഡി. (അവരുടെ മാതാപിതാക്കള്‍ക്കിഷ്ടപ്പെടുമോന്നറിയില്ല).

അതിലേക്കുള്ള നാടന്‍ പാട്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വരികളുടെ എണ്ണം കുറവുള്ളത്‌ മാത്രമെടുക്കാന്‍ തീരുമാനിച്ചു. കുട്ടികള്‍ക്ക്‌ ഓര്‍ത്തിരിക്കാനെളുപ്പമാകട്ടെ. നല്ലൊരു കാവ്യാസ്വാദകന്‍ കൂടിയായ സംഗീത സംവിധായകന്‍ കെ എം ഉദയനോടൊപ്പം കുറേ നാടന്‍പാട്ടുകളില്‍ നിന്നും ആറെണ്ണം തിരഞ്ഞെടുത്തു. നാടന്‍ പാട്ടുകള്‍ സംഗീതം നല്‍കി അവതരിപ്പിക്കുമ്പോള്‍ ചെയ്യാറുള്ള സ്ഥിരം മാതൃക ഒഴിവാക്കണമെന്ന്‌ പറഞ്ഞു. പകരം ലളിതവും താളാത്മകവുമായ സംഗീതമായിരിക്കണമെന്നും ഉദയന്‍ മാഷിനോട്‌ സൂചിപ്പിച്ചു.

നാടന്‍ പാട്ടുകളെല്ലാം പ്രദേശികമാണല്ലൊ. എന്റെ നാട്‌ കൊല്ലം ജില്ലയിലാണ്‌ കടയ്ക്കലിനടുത്ത്‌ വളവുപച്ച എന്ന ഗ്രാമം. അവിടെ ഞാന്‍ പ്രൈമറിക്ളാസില്‍ പഠിക്കുമ്പോള്‍ (എഴുപതുകളില്‍) ഞങ്ങള്‍ കുട്ടികള്‍ പാടുമായിരുന്ന ഒരു പാട്ടെനിക്ക്‌ ഓര്‍മ്മവന്നു. അതിങ്ങനെ-
"മേലോട്ട്‌ നോക്കെടി ചക്കീ
ഏറോപ്ളേന്‍ പോണത്‌ കണ്ടാ
അയ്യ! ഇതാരുടെ വേല
ഇത്‌ സായിപ്പമ്മാരുടെ വേല"

ഈ ഗാനവും ഞങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. ഞാന്‍ കരുതിയിരുന്നത്‌ ഇത്‌ കേരളം മൊത്തം അറിയപ്പെടുന്ന പാട്ടെന്നായിരുന്നു. എന്നാല്‍ ഉദയന്‍ മാഷിനുള്‍പ്പടെ എനിക്കറിയാവുന്ന എറണാകുളത്തുകാരില്‍ ഒരാള്‍ പോലും ഈഗാനം കേട്ടിട്ടുണ്ടായിരുന്നില്ല! എന്നാല്‍ നാട്ടില്‍ പുതിയ തലമുറയിലെ കുട്ടികളും ഈ പാട്ട്‌ പാടുന്നത്‌ ഞാന്‍ കേട്ടിരുന്നു. അപ്പോള്‍ ഒരു സംശയം- ഈ പാട്ട്‌ കൊല്ലം ജില്ലയുടേതാണോ? അതോ തെക്കന്‍ കേരളത്തിന്റേതോ?

കെ എം ഉദയന്‍ അതിമനോഹരമായി ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ഞാന്‍ പ്രതീക്ഷിച്ചതിലും മേലെ. "മേലോട്ട്‌ നോക്കെടി" പാടിയത്‌ മിനിയും ശ്രുതിയുമായിരുന്നു. ജയറാം കാലത്തെ കലാഭവന്റെ മുഖ്യഗായകനായിരുന്ന സാബുവിന്റെ ഭാര്യയും മകളും. ഈ പാട്ടിന്റെ താളം കേട്ടപ്പോഴേ എന്റെ മനസ്സില്‍ മണികിലുക്കി നീങ്ങുന്ന ഒരു കാളവണ്ടി തെളിഞ്ഞു. എന്റെ കുട്ടിക്കാലം ഞാനോര്‍ക്കുന്നു.

സിഡിയുടെ പേര്‌- മിടുമിടുക്കന്‍



യൂട്യൂബിലെ വീഡിയോക്ക്‌ കിട്ടിയ ഒരു കമന്റ് ഇങ്ങനെ-
nsgkumar
:-)Thanks Boss..I am loving it~

Took me so many years back down the memory lane..I vividly remember this being sung to me by Ammoomma while she desperately tried to feed my daily ration of Farex!

May be it worked..I am a Commercial Pilot who fly for a living!

7 comments:

  1. "മേലോട്ട്‌ നോക്കെടി ചക്കീ
    ഏറോപ്ളേന്‍ പോണത്‌ കണ്ടാ
    അയ്യ! ഇതാരുടെ വേല
    ഇത്‌ സായിപ്പമ്മാരുടെ വേല"

    ഈ ഗാനവും ഞങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. ഞാന്‍ കരുതിയിരുന്നത്‌ ഇത്‌ കേരളം മൊത്തം അറിയപ്പെടുന്ന പാട്ടെന്നായിരുന്നു. എന്നാല്‍ ഉദയന്‍ മാഷിനുള്‍പ്പടെ എനിക്കറിയാവുന്ന എറണാകുളത്തുകാരില്‍ ഒരാള്‍ പോലും ഈഗാനം കേട്ടിട്ടുണ്ടായിരുന്നില്ല! എന്നാല്‍ നാട്ടില്‍ പുതിയ തലമുറയിലെ കുട്ടികളും ഈ പാട്ട്‌ പാടുന്നത്‌ ഞാന്‍ കേട്ടിരുന്നു. അപ്പോള്‍ ഒരു സംശയം- ഈ പാട്ട്‌ കൊല്ലം ജില്ലയുടേതാണോ? അതോ തെക്കന്‍ കേരളത്തിന്റേതോ?

    ReplyDelete
  2. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും അഭിനന്ടിക്കപ്പെടെണ്ടത് തന്നെ. കേരളീയമായ നാടന്‍ പാട്ടുകളും, പ്രാദേശികമായ പഴം കഥകളും നമ്മുടെ പുതിയ തലമുരയിലെക്കും പകര്‍ന്നു കൊടുക്കണം. പുതിയ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ അവര്‍ പിറന്ന നാട്ടില്‍ ആഴത്തില്‍ വേരൂന്നി നിന്നാണ് പുതുമയിലേക്ക് പോകുന്നതെന്ന് നമുക്കാശ്വസിക്കാം. ദയവായി CD കിട്ടാന്‍ എന്ത് ചെയ്യണം എന്ന് കൂടി അറിയിക്കുക.

    എല്ലാ വിധ ആശംസകളും..

    ReplyDelete
  3. കൊള്ളാം. നല്ല ഉദ്യമമാണ്..

    ReplyDelete
  4. പ്രിയ സർ,
    പണ്ട് ഹാരിപോട്ടർ നോവൽ വായിക്കുകയും സിനിമ കാണുകയും ചെയ്തപ്പോൾ ഞാൻ മനസ്സിലാലോചിച്ച കാര്യമായിരുന്നു നമ്മുടെ കേരളത്തിൻററെ സമ്പന്നമായ ഭൂതകാലം. കുട്ടിച്ചാത്തനും മറ്റനേകം ഭൂതങ്ങളുമിവിടൂള്ളപ്പോൾ അമേരിക്കയിൽ നിന്നും വന്ന ഹാരിപോട്ടറും ഭൂതഗണങ്ങളും കൂടി കുട്ടികളെ പോക്കറ്റിലാക്കിയത്. നമുക്ക് അതിനൊന്നും സമയമില്ല. നല്ല കഥയില്ലാതെ മലയാളം സിനിമ തന്നെ നിന്നുപോകാറായി.നമ്മുടെ കുട്ടിക്കഥാകാരൻമാരൊന്നും പഴയ കേരളത്തിലേക് നോക്കുന്നെയില്ല, അവർക്ക് "യമല്യാവ്"(ദേശാഭിമാനി വാരിക) പോലെ റഷ്യൻ കഥകളുണ്ടല്ലൊ പുനരാഖ്യാനം ചെയ്യാൻ.
    ഇതിൻറെയൊക്കെയിടയിലാണ് ഈ കവിതയുടെ പ്രസക്തി. നന്നായി, വളരെ നന്നായി. എന്നാലും അതിലെ സിനിമാറ്റിസം ഒഴിവാക്കാമായിരുന്നു. ഇത്രയും എങ്കിലും ചെയ്യാനുള്ള മനസ്സ് ഞാൻ ഒരിക്കലും മോശമെന്ന് പറയുകയല്ല, പാട്ട് ഒന്നുകൂടി നാടൻ ടച്ച് ആക്കാമായിരുന്നു.

    ReplyDelete
  5. @0000 സം പൂജ്യന്‍ 0000
    @Mukil
    നന്ദി.

    @shine | കുട്ടേട്ടൻ
    നന്ദി.
    സിഡി ദുബായില്‍ ലഭ്യമാണെന്നാണ് അറിവ്. കൊച്ചിയില്‍ മ്യൂസിക് വേള്‍ഡ് പോലുള്ള സ്ഥാപനങ്ങളില്‍ ലഭിക്കും. ഇത് ഡിജിറ്റല്‍ മീഡിയ എന്ന സ്ഥാപനം അവരുടെ ഔട്ട് ലെറ്റുകളില്‍ മാത്രമാണ് വില്പനക്ക് വച്ചിരിക്കുന്നത്. കൂടുതല്‍ ഗാനങ്ങള്‍ക്കായി
    ഇവിടെ നോക്കൂ.

    @എം.എസ്.മോഹനന്‍
    അഭിനന്ദനങ്ങള്‍ക്ക് നന്ദി മാഷേ.
    ഏറ്റവും രസകരമെന്ന് തോന്നുന്നത് കുട്ടികള്‍ തിരഞ്ഞെടുക്കുന്നു, അത് സ്വദേശമോ വിദേശമോ എന്ന്കുട്ടികള്‍ നോക്കാറില്ലല്ലോ!
    ദേശപരമായ വേര്‍തിരിവ് കലാസ്വാദനത്തില്‍ കലര്‍ത്തേണ്ട കാര്യമില്ല എന്ന അഭിപ്രായമാണെനിക്കുള്ളത്. പക്ഷെ കൊച്ചു കുട്ടികളെ അവര്‍ക്കറിയാത്ത ദേശത്തിന്റെയും ശീലങ്ങളുടെയും നഴ്സറിപാട്ടുകള്‍ പഠിപ്പിക്കുന്നതിലെ അനൌചിത്യം ഞാന്‍ സൂചിപ്പിച്ചെന്നേയുള്ളൂ.

    നാടന്‍ ടച്ച് എന്നുകൊണ്ട് മാഷ് ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല. സ്ഥിരം പാറ്റേണ്‍ ആണ് ഉദ്ദേശിച്ചതെങ്കില്‍ എന്റെ കുറിപ്പില്‍ തന്നെ ഞാന്‍ സൂചിപ്പിച്ചിരുന്നു, ഞാനത് മനപ്പൂര്‍വ്വം ഒഴിവാകിയതാണ്. സിനിമാറ്റിക്കാക്കിയതും മനപ്പൂര്‍വ്വം. എന്റെ പ്രായത്തിലുള്ളവര്‍ ഇഷ്ടപ്പെടുന്ന രീതിയിലല്ല, എന്റെ പതിനൊന്നുകാരന്‍ മകനും അവന്റെ കൂട്ടുകാരും ഇഷ്ടപ്പെടുന്ന രീതിയിലാണ് പാട്ടുകള്‍ ഒരുക്കിയതും വിഷ്വത്സ് തയ്യാറക്കിയതും.
    പാരമ്പര്യം എന്നുപറഞ്ഞാല്‍ തീര്‍ത്തും മുരടന്‍ ഏര്‍പ്പാടായി കുട്ടികള്‍ക്ക് തോന്നണോ?

    ReplyDelete