Thursday, November 15, 2007

ആനിമേഷന്‍ പഠിക്കാന്‍ തുടങ്ങുന്നവര്‍ക്കായി...

കേരളത്തില്‍ ആനിമേഷനെക്കുറിച്ചുള്ള അവബോധത്തിന്‌ മികച്ച തുടക്കം കുറിച്ചത്‌ തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള 'ടൂണ്‍സ്‌ ആനിമേഷന്‍‘ എന്ന സ്ഥാപനമാണ്‌. ഒരു അമേരിക്കന്‍ മലയാളിയായിരുന്നു അതിന്‌ പിന്നില്‍. 500 ഓളം ആര്‍ട്ടിസ്റ്റുകള്‍ പണിയെടുക്കുന്ന ഈ സ്ഥാപനം വിദേശത്തുള്ള പ്രേജക്ടുകള്‍ ഏറ്റെടുത്ത്‌ ചെയ്ത്കൊടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. ഇടയ്ക്ക്‌ 'തെന്നാലിരാമന്‍' എന്ന ഒരു ആനിമേഷന്‍ സീരിയല്‍ അവര്‍ സ്വന്തമായി നിര്‍മ്മിക്കുക ഉണ്ടായെങ്കിലും അത്‌ വേണ്ടത്ര ശ്രദ്ധപിടിച്ചു പറ്റിയില്ല. എങ്കിലും കേരളത്തിന് അഭിമാനപൂര്‍വം പറയാവുന്ന നിലയില്‍ ഒരു ആനിമേഷന്‍ സ്ഥാപനമുള്ളത് “ടൂണ്‍സ്“ തന്നെയാണ്. ഇപ്പോള്‍ "Hanuman Returns" എന്ന ഹിന്ദി ആനിമേഷന്‍ സിനിമയുടെ പണിപ്പുരയിലാണ് ടൂണ്‍സിപ്പോള്‍!

ചെറിയ ചെറിയ ആനിമേഷന്‍ സ്റ്റുഡിയോകള്‍ കേരളത്തില്‍ അങ്ങിങ്ങായി ആരംഭിച്ചെങ്കിലും കേരളത്തിന്‍റെ അല്ലെങ്കില്‍ ഇന്ത്യയിലെ ആനിമേഷന്‍ മാര്‍ക്കറ്റിനെക്കുറിച്ചുള്ള ധാരണ ഇല്ലായ്മ, ആനിമേഷന്‍റെ സാങ്കേതികതയില്‍ വേണ്ടത്ര അറിവില്ലായ്മ ഒക്കെക്കൂടി ആ കമ്പനികളുടെ നിലനില്‍പ്പിനെ ബാധിച്ചു.

പത്രക്കാരും ആനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും കൊട്ടിഘോഷിക്കുന്നത്‌ പോലുള്ള സാദ്ധ്യത ആനിമേഷന്‍ ഫീല്‍ഡില്‍ ഇന്ത്യയ്ക്കുണ്ടോ?
ഇല്ലെന്ന്‌ വേണം കരുതാന്‍!

3D യ്ക്കാണ്‌ ഇന്ന്‌ ഡിമാന്റ്‌ കൂടുതല്‍. പക്ഷേ ഇന്ത്യന്‍ സാഹചര്യത്തില്‍ ക്വാളിറ്റിയുള്ള 3D ആനിമേഷന്‍ ലാഭകരമായി വിറ്റഴിക്കാന്‍ പ്രയാസമാണ്‌. ഒരു ആനിമേഷന്‍ സംസ്കാരം നമുക്കില്ലത്തതാണ്‌ പ്രധാന കാരണം. കാര്‍ട്ടൂണ്‍ സിനിമകള്‍ കുട്ടികള്‍ക്ക്‌ മാത്രമുള്ളതാണെന്ന്‌ ഏതാണ്ട്‌ നല്ലശതമാനം ആള്‍ക്കാരും കരുതുന്നു. കാര്‍ട്ടൂണ്‍ സിനിമകള്‍ കാണുന്നതോ അത്‌ കണ്ട്‌ ചിരിക്കുന്നതോ പക്വതയില്ലാത്ത പരിപടിയണെന്ന്‌ പൊതുവെ ധാരണയുള്ളതു പോലെ തോന്നുന്നു. ഇത്തരത്തില്‍ കുട്ടികള്‍ക്ക്‌ മാത്രമായയി സംവരണം ചെയ്യപ്പെട്ട ഒരു മാര്‍ക്കറ്റില്‍ ഏറെ പണച്ചിലവ്‌ വരുന്ന ഒരു മീഡീയക്ക്‌ എത്രനാള്‍ പിടിച്ച്നില്‍ക്കാനാവും?

CEL ആനിമേഷന്‍ എന്നാണ്‌ പാരമ്പര്യ 2D ആനിമേഷന്‌ പറയാറുള്ളത്‌. (ആദ്യകാലത്ത്‌ സെല്ലുലോയ്ഡ്‌ ഷീറ്റിലായിരുന്നു ആനിമേഷന്‌ വേണ്ടിയുള്ള ചിത്രങ്ങള്‍ വരച്ചിരുന്നത്‌. ഇന്ത്യയിലെ ആദ്യത്തെ ആനിമേഷന്‍ കഥാപാത്രം കൂടി അഭിനയിച്ച സിനിമ 'ഓ ഫാബി' നിര്‍മ്മിച്ചതും ഈ സങ്കേതം ഉപയോഗിച്ചായിരുന്നു.) CEL ആനിമേഷനു വളരെയേറെ ആനിമേറ്റര്‍മാരും സമയവും ആവശ്യമാണ്‌. അതുകൊണ്ട്‌ തന്നെ 2D CEL ആനിമേഷന്‍ വളരെ ചിലവേറിയതുമാണ്‌. 3D ആനിമേഷനാകട്ടെ വളരെ മികച്ച കംപ്യൂട്ടറും സമയവും ആവശ്യമാണ്‌ - നല്ല ആനിമേഷന്‍ സൃഷ്ടിക്കാന്‍. ഇങ്ങനെയൊരവസരത്തില്‍ സ്വതന്ത്രമായി ഏറെ ചിലവ്‌ കുറച്ച്‌ ചെയ്യാന്‍ പറ്റിയ ആനിമേഷന്‍ മെത്തേഡ്‌ നമുക്കാവശ്യമായി വരുന്നു.

കംപ്യൂട്ടറിനെയൊരു 'അതിശയ യന്ത്ര 'മായി കാണുകയയാണ്‌ നമ്മള്‍ ഭൂരിഭാഗവും. കംപ്യൂട്ടര്‍ അറിയാവുന്നവരും അതില്‍ പണിയെടുക്കുന്നവര്‍ പോലും കംപ്യൂട്ടര്‍ വെറുമൊരു ഉപകരണ (tool)മാണെന്ന്‌ തരിച്ചറിയാന്‍ ശ്രമിക്കുന്നില്ല. പ്രമുഖ പത്രങ്ങളില്‍ പോലും ഇതിന്റെ പ്രതിഫലനം കാണാം. ഈയിടെ മലയാളത്തിലെ ഒരു ദിനപ്പത്രത്തില്‍ കണ്ടു-“ കംപ്യൂട്ടര്‍ തയ്യാറാക്കിയ കുറ്റവാളിയുടെ ചിത്രമെന്ന്‌“! അത്‌ വായിക്കുന്ന സാധാരണക്കാരന്‍ എന്തായിരിക്കും‌ കരുതുക? “കുറ്റവാളിയെക്കുറിച്ചുള്ള വിവരണം ഒരാള്‍ കംപ്യൂട്ടറിനോട്‌ പറയുന്നു, കംപ്യൂട്ടര്‍ ഒരു നിമിഷം പോലും ചിന്തിക്കാനെടുക്കാതെ കുറ്റവാളിയുടെ മുഖം സ്ക്രിനില്‍ ഡിസൈന്‍ ചെയ്തുകാണിക്കുന്നു“ - എന്ന രീതിയിലായിരിക്കാം .

നമുക്കറിയാം അങ്ങനെയെരു കംപ്യൂട്ടറും ഉണ്ടായിട്ടില്ലെന്ന്‌. ഇനിയിപ്പോള്‍ കംപ്യൂട്ടറില്‍ തയ്യാറാക്കിയ കുറ്റവാളിയുടെ ചിത്രം എന്നെഴുതിയാല്‍ തന്നെ ആ പ്രയോഗം ശരിയാണോ? പേന ഉപയോഗിച്ച്‌ അല്ലെങ്കില്‍ പെന്‍സില്‍ ഉപയോഗിച്ച്‌ തയ്യാറാക്കിയ ചിത്രം എന്ന്‌ പൊതുവേ പ്രയോഗിക്കാറുണ്ടോ? ഇവിടെ പേനയ്ക്കും പെന്‍സിലിനുമുള്ള പ്രാധാന്യമേ കംപ്യൂട്ടറിനുമുളളു. കംപ്യൂട്ടറാണെങ്കില്‍ ചിത്രകാരന്‍ വേണ്ടയെന്ന ധാരണയാണ്‌ മേല്‍ പറഞ്ഞ പത്രക്കുറിപ്പുകൊണ്ടുണ്ടാകുന്നത്‌.

നിങ്ങള്‍ക്ക്‌ പേപ്പറില്‍ വരയ്ക്കാന്‍ അറിയില്ലെങ്കില്‍ കംപ്യൂട്ടറിലും വരയ്ക്കാനാകില്ല. കംപ്യൂട്ടര്‍ നിങ്ങളുടെ ജോലി ലഘൂകരിക്കുമെന്നേയുള്ളു. അതൊന്നും സ്വന്തമായി സൃഷ്ടിക്കുന്നില്ല.

കുറച്ച്‌ വിശദമായി ഇത്രയും എഴുതിയത്‌ ആനിമേഷന്‍ പഠിക്കാനിറങ്ങി പുറപ്പെടുന്നവര്‍ മുന്‍കൂട്ടി ആലോചിച്ച ശേഷം വേണമതിന്‌ തയ്യാറാകാന്‍ എന്ന്‌ സുചിപ്പിക്കാന്‍ കൂടിയാണ്‌. ആനിമേഷന്‍ പഠിക്കണമെങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ക്ക്‌ നന്നായി വരയ്ക്കാനുള്ള കഴിവുണ്ടായിരിക്കണം. അല്ലെങ്കില്‍ സിനിമയോടുള്ള നല്ല താല്‍പര്യം. ആനിമേഷന്‌ ഇപ്പോള്‍ നല്ല സ്കോപ്പുണ്ട്‌ എന്ന്‌ കേട്ട്‌ ചാടിപുറപ്പെടുന്നവരാണധികവും. മറ്റ്‌ ഓഫീസാവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയറുകള്‍ പഠിക്കുന്നതുപോലെ പഠിച്ചതുകൊണ്ടായില്ല. പ്രതിഭയും പ്രയത്നവും വേണം ആനിമേഷന്‌. 2D ആനിമേഷനായാലും 3D യായലും ആനിമേഷന്റെ അടിസ്ഥാനതത്വങ്ങള്‍ ഒന്ന്‌ തന്നെയാണ്‌. അത്‌ പാലിക്കാതെ ആനിമേഷന്‍ ചെയ്യാനാകില്ല. ഒരു കഥാപാത്രത്തെ കമ്പ്യൂട്ടറില്‍ സൃഷ്ടിച്ച്‌ അതിനു ആവശ്യമുള്ള ഭാരവും ജീവനും തോന്നിപ്പിക്കാനും കഴിയണം. ഒരു തൂവലും ഇരുമ്പും ഒരേ പോലാകില്ലലോ വീഴുന്നത്‌. വലിയ ഒരു ഇരുമ്പ്‌ കട്ടിയും തീരെ ചെറിയ ഇരുമ്പ്‌ കട്ടിയും തറയില്‍ വീഴുമ്പോള്‍ ഉള്ള പ്രതീകരണം വ്യത്യാസമായിരിക്കുകയില്ലെ. ഇവിടെയെല്ലാം ടൈമിംഗിനെക്കുറിച്ചും ചലനങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ടാകണം. അത്പോലെ നല്ല സിനിമകള്‍ ശ്രദ്ധിച്ച്‌ അതിന്റെ തന്നെ ക്യാമറാ ആംഗിളുകള്‍ കട്ടിംഗ്കളും ആനുകരിച്ച്‌ പഠിക്കണം. കാരണം നമ്മള്‍ വരച്ചാണ്‌ സിനിമ ഉണ്ടാക്കുന്നതെങ്കിലും ക്യാമറ മൂവ്മെന്‍സ്‌ എല്ലാം സാദാ സിനിമയുടേത്‌ തന്നെയാണ്‌. സിനിമയ്ക്ക്‌ പ്രയാസമുള്ള ക്യാമറാ മൂവ്മെന്‍റുകള്‍ ആനിമേഷനില്‍ പരീക്ഷിക്കുകയും ചെയ്യാം.

10 comments:

 1. പേര്.. പേരക്ക!! said...
  നല്ല ലേഖനം.അനിമേഷനെന്നല്ല, ഏതു രംഗത്തും ഈ നിരീക്ഷണങ്ങള്‍ ശരിയാണ്. ഈ പറഞ്ഞ ബേസിക് തത്വങ്ങളെക്കുറിച്ച് ഞാനും ചിലത് ഇവിടെ പോസ്റ്റിയിരുന്നു.

  മലയാളം അനിമേഷന്‍ സംഭാവനകളില്‍ ഹിബിസ്കസ് ഡിസൈന്‍ ചെയ്ത പൂപ്പി,മഞ്ചാടി എന്നീ പ്രൊജെക്ടുകളെക്കൂടി സൂചിപ്പിക്കാമായിരുന്നു. മനോരമ ഇറക്കിയ കല്‍ക്കണ്ടം (പൂര്‍ണമായും അനിമേഷനല്ല, ഇന്റെര്‍ ആക്റ്റിവ് സി.ഡിയാണ്)എന്ന കുഞ്ഞുണ്ണിക്കവിതാ സമാഹാരവും ഈ രംഗത്തെ നല്ല സംരഭങ്ങളിലൊന്നാണ്. എന്റെ ഒന്നരവയസ്സുള്ള മകള്‍ ടെലി ടബ്ബിയെക്കാളും ഷ്രെക്കിനെക്കാളും കൂടുതല്‍ ആസ്വദിക്കുന്നത് മേല്പറഞ്ഞ CDകളാണെന്നുകൂടെ പറഞ്ഞുകൊള്ളട്ടെ!

  ReplyDelete
 2. നന്ദി ശ്രീ പേരയ്ക്ക,
  മനോരമയുടെ കല്‍ക്കണ്ടം ഫ്ലഷില്‍ കോമ്പൊസിറ്റ് ചെയ്തത് ഞാനായിരുന്നു-അതിന്‍‌റെ മൊത്തം വര്‍ക്കും. അഞ്ചുവര്‍ഷം മുമ്പ്. ആയിടെ തന്നെ അവരുടെ എന്‍‌റെ മലയാളം സിഡിക്കുവേണ്ടിയും ഞാന്‍ ആനിമേഷന്‍ ചെയ്തിരുന്നു, ജോഷി ബെനഡിക്ടിനൊപ്പം. ഫ്ലാഷ് ആനിമേഷനിലേക്കുള്ള എന്‍‌റെ തുടക്കം അതില്‍ നിന്നായിരുന്നു.

  ഹബിസ്കസിന്‍‌റെ വര്‍ക്ക് നല്ലതാണ്.
  “വീവേകം“ എന്ന പേരില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു പരമ്പര വന്നിരുന്നു. മലയാളത്തിലെ മികച്ചതെന്ന് പറയാവുന്നത് അതാണ്. ടൂണ്‍സിലെ ആനിമേറ്റര്‍മാര്‍ ഫ്രീലാന്‍സായി ചെയ്തത്.

  ReplyDelete
 3. വളരെ ശരിയായി പറഞ്ഞിരിക്കുന്നു. ഇപ്പോഴും ഒരു ഡിസൈനര്‍ ആനിമേറ്റര്‍ എന്നൊക്കെ പറയുമ്പോ ചോദിക്കും. ‘...! കം‌പ്യൂട്ടറില്‍ ഇപ്പോ എല്ലാമുണ്ട്. കളറുണ്ട്, ടൂള്‍സ് ഉണ്ട്, ഫ്രെയിമുകളുണ്ട്, ക്യാരക്ടറുകളുണ്ട്, ഫോണ്ടുണ്ട് (എല്ലാം പ്രീസെറ്റുകളാണെന്നത് നമ്മുക്കല്ലേഅറിയൂ) എല്ലാമങ്ങ് എടുത്ത് വച്ചാ പോരെ... എന്ന്..‘

  അതുകൊണ്ട് തന്നെ കാര്‍ട്ടൂണ്സ് ഇരുന്നു കാണും. ഇതിന്റെ എഫര്‍ട്ട് ഓര്‍ത്ത്.

  കേരളത്തിലെ കാര്‍ട്ടൂണുകളെപറ്റി തീര്‍ത്തും അഭിപ്രായം കുറവാണ്. അനിമേഷനില്‍ ടൈം ഡിലേ, ഒരു ഒരു..‘വനില്ലായ്യ്മ’തോന്നിക്കാറുണ്ട്. സമയം ലാഭിച്ച് ചെയ്യുന്നതാണെങ്കില്‍ കൂ‍ടി ഒന്നു രണ്ടു നല്ല ടെലി കാര്‍ട്ടൂണുകള്‍ വരേണ്ടിയിരിക്കുന്നു. നല്ല ചുറ്റുപാടുകള്‍ ഇല്ലാത്തതുകൊണ്ട് നല്ലൊരു ശതമാനം മലയാളി അനിമേറ്റര്‍മാരും, സ്ക്രിപ്റ്റ്, സ്റ്റോറി എല്ലാംചെയ്യുന്നവര്‍ പുറം നാടുകളിലേയ്ക്ക് ജോലിതേടി പോകുന്നു. ക്രിയേറ്റീവ് സോഴ്സിസ്ന്റെ അഭാവം മൂലം, കൂടുതല്‍ സംരംഭങ്ങള്‍ ആരും തുടങ്ങുന്നില്ല അതാണ് സത്യം. (മനോരമയ്ക്കോ, ഏഷ്യാനെറ്റിനോ ഒരു കാര്‍ട്ടൂണ്‍ ചാനല്‍ തുടങ്ങാന്‍ ചെറിയ മൂതല്‍മുടക്കുമതി. പക്ഷേ അവരത് ചെയ്യില്ല പരിമിതികള്‍ അവര്‍ക്ക് നന്നായി അറിയാം!)

  താങ്കളുടെ വര്‍ക്കുകള്‍ ഞാന്‍ യൂട്യൂബില്‍ ചേര്‍ത്തിട്ടുണ്ട്. കാണാറുമുണ്ട്. ബോബനും മോളിയും മറ്റും അതിന്റേതായ ഹാസ്യത്തില്‍ പര്യവസാനിച്ചില്ല എന്നതല്ലേ സത്യം?

  ഈ കുറിപ്പ് തികച്ചും പ്രാധാന്യമര്‍ഹിക്കുന്നു ഇന്ന്. പുതിയ ഐ.ടി സംരംഭങ്ങള്‍ കേരളത്തില്‍ അനിമേഷന്‍ രംഗത്തും മുതല്‍ക്കൂട്ടാവട്ടെ മാഷെ...

  ReplyDelete
 4. നല്ല വിവരങ്ങള്‍.. പണം ധാരാളം കിട്ടും എന്നുവച്ച് പിള്ളാരെല്ലാം ആനിമേഷന്‍ എന്നു പറയുന്നതുകേട്ട് എന്താണിത് എന്ന് ആലോചിക്കുമായിരുന്നു. ഞാന്‍ വിചാരിച്ച ചില പ്രോഗ്രാമുകള്‍ എഴുതി രൂപങ്ങളെ ഇട്ടോടിക്കുന്ന വിദ്യയാണെന്നാണ്.. പ്രധാനകാര്യം എവിടെയാണ് ശരിയായി ഇതു പഠിപ്പിക്കുന്നത് എന്നതായിരുന്നു.. ടൂണ്‍സിനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്ന്..നാട്ടിലെ ചില സ്ഥാപനങ്ങള്‍ വാങ്ങിയെടുക്കുന്ന ഫീസ് ഭീകരമാണ്...

  ReplyDelete
 5. തൊള്ളായിരത്തി മുപ്പതുകളില്‍ Tom & Jerry ചെയ്യുമ്പോള്‍ അതിനു കിട്ടിയ പ്രതിഫലം 50000 ഡോളര്‍.
  ഇന്ന് ബോബനും മോളിയും 4 മിനിറ്റിന്‍‌റെ ഒരു എപ്പിസോഡ് ചെയ്യുമ്പോള്‍ വരുന്ന ചിലവ് 21000 രൂപ. (മലയാളത്തിലെ ഏറ്റവും മികച്ച റോയല്‍റ്റി നല്‍കിക്കൊണ്ടാണ് ശ്രീ റ്റോംസിന്‍‌റെ കയ്യില്‍ നിന്ന്‌ right വാങ്ങുന്നത്).അത് താങ്ങാന്‍ പോലും മലയാളത്തിന് ആകില്ല എന്നാണ് എന്‍‌റെ അനുഭവം. പിന്നെങ്ങനാണ് നല്ല ആനിമേഷന് സാഹചര്യമൊരുങ്ങുക.

  ReplyDelete
 6. ശരിയാണ്. അനിമേഷന്റെ പേരില്‍ ഇവിടത്തെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വലിയ തട്ടിപ്പാണ് നടത്തുന്നത്. കേരളത്തില്‍ അനിമേഷന്‍ പഠിച്ചിറങ്ങുന്നവരില്‍ ഭൂരിഭാഗവും മറ്റു തൊഴിലുകളീലേക്ക് മറുന്നത് കാണാം.

  ReplyDelete
 7. ആനിമേഷനെക്കുറിച്ച് ഒരുപാട് അറിയാന്‍ ശ്രമിച്ചിട്ടൂണ്ട് അതില്‍ വളരെ താല്‍പ്പര്യ്‌വും തോന്നിയിട്ടുണ്ട്. എന്നാല്‍ ഈ വഴിലേക്ക് എങ്ങനെ എത്തിച്ചേരാമെന്നതിനെക്കുറിച്ച് ഒരു നിശ്ചയവുമില്ല..! ഏതൊക്കെയാണ് ശരിയായ മാര്‍ഗം, ഏതൊക്കെയാണ് ചതിക്കുഴികള്‍...? ഒരു ആനിമേറ്ററാകാന്‍ സഞ്ചരിക്കേണ്ട വഴികളെക്കുറിച്ച് ഒരു പോസ്റ്റ് എഴുതിയെങ്കില്‍ വളരെ നന്നായിരുന്നു..

  ReplyDelete