Showing posts with label കെ എം ഉദയന്‍. Show all posts
Showing posts with label കെ എം ഉദയന്‍. Show all posts

Tuesday, July 6, 2010

കൊല്ലത്തെ നാടോടിപ്പാട്ട് - മേലോട്ട്‌ നോക്കെടി ചക്കീ...

സോഫ്റ്റ്വെയര്‍ പഠിപ്പിക്കുന്ന വിര്‍ച്വല്‍ ടീച്ചര്‍‍ സിഡികള്‍ നിര്‍മ്മിക്കുന്ന സോണി ജോസ് ഒരു ദിവസം സംസാരത്തിനിടെ കുട്ടികള്‍ക്ക്‌ വേണ്ടി പാട്ടുകളും കഥകളും ചേര്‍ന്ന ഒരു ആനിമേഷന്‍ പ്രോഗ്രാം നമുക്ക് ചെയ്ത്കൂടേയെന്ന് തിരക്കി. എനിക്കും താത്പര്യമായിരുന്നു അത്തരമൊരു പ്രൊജക്ട്‌. അത് തികച്ചും കേരളീയമായിരിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചു. അതില്‍ മഞ്ഞുള്ള ദേശത്തെ വീടുകളും വിദേശകുട്ടികളും ഉണ്ടാകരുതെന്നും ആഗ്രഹിച്ചു. “മൂന്നു സഞ്ചിനിറയെ ആടിന്റെ രോമം എങ്ങനെ കിട്ടിയെന്നറിയാതെ” "ബാ...ബാ... ബ്ലാക്ക് ഷീപ് " എന്ന്‌ വാപൊളിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക്‌ വേണ്ടിയൊരു സിഡി. (അവരുടെ മാതാപിതാക്കള്‍ക്കിഷ്ടപ്പെടുമോന്നറിയില്ല).

അതിലേക്കുള്ള നാടന്‍ പാട്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വരികളുടെ എണ്ണം കുറവുള്ളത്‌ മാത്രമെടുക്കാന്‍ തീരുമാനിച്ചു. കുട്ടികള്‍ക്ക്‌ ഓര്‍ത്തിരിക്കാനെളുപ്പമാകട്ടെ. നല്ലൊരു കാവ്യാസ്വാദകന്‍ കൂടിയായ സംഗീത സംവിധായകന്‍ കെ എം ഉദയനോടൊപ്പം കുറേ നാടന്‍പാട്ടുകളില്‍ നിന്നും ആറെണ്ണം തിരഞ്ഞെടുത്തു. നാടന്‍ പാട്ടുകള്‍ സംഗീതം നല്‍കി അവതരിപ്പിക്കുമ്പോള്‍ ചെയ്യാറുള്ള സ്ഥിരം മാതൃക ഒഴിവാക്കണമെന്ന്‌ പറഞ്ഞു. പകരം ലളിതവും താളാത്മകവുമായ സംഗീതമായിരിക്കണമെന്നും ഉദയന്‍ മാഷിനോട്‌ സൂചിപ്പിച്ചു.

നാടന്‍ പാട്ടുകളെല്ലാം പ്രദേശികമാണല്ലൊ. എന്റെ നാട്‌ കൊല്ലം ജില്ലയിലാണ്‌ കടയ്ക്കലിനടുത്ത്‌ വളവുപച്ച എന്ന ഗ്രാമം. അവിടെ ഞാന്‍ പ്രൈമറിക്ളാസില്‍ പഠിക്കുമ്പോള്‍ (എഴുപതുകളില്‍) ഞങ്ങള്‍ കുട്ടികള്‍ പാടുമായിരുന്ന ഒരു പാട്ടെനിക്ക്‌ ഓര്‍മ്മവന്നു. അതിങ്ങനെ-
"മേലോട്ട്‌ നോക്കെടി ചക്കീ
ഏറോപ്ളേന്‍ പോണത്‌ കണ്ടാ
അയ്യ! ഇതാരുടെ വേല
ഇത്‌ സായിപ്പമ്മാരുടെ വേല"

ഈ ഗാനവും ഞങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. ഞാന്‍ കരുതിയിരുന്നത്‌ ഇത്‌ കേരളം മൊത്തം അറിയപ്പെടുന്ന പാട്ടെന്നായിരുന്നു. എന്നാല്‍ ഉദയന്‍ മാഷിനുള്‍പ്പടെ എനിക്കറിയാവുന്ന എറണാകുളത്തുകാരില്‍ ഒരാള്‍ പോലും ഈഗാനം കേട്ടിട്ടുണ്ടായിരുന്നില്ല! എന്നാല്‍ നാട്ടില്‍ പുതിയ തലമുറയിലെ കുട്ടികളും ഈ പാട്ട്‌ പാടുന്നത്‌ ഞാന്‍ കേട്ടിരുന്നു. അപ്പോള്‍ ഒരു സംശയം- ഈ പാട്ട്‌ കൊല്ലം ജില്ലയുടേതാണോ? അതോ തെക്കന്‍ കേരളത്തിന്റേതോ?

കെ എം ഉദയന്‍ അതിമനോഹരമായി ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ഞാന്‍ പ്രതീക്ഷിച്ചതിലും മേലെ. "മേലോട്ട്‌ നോക്കെടി" പാടിയത്‌ മിനിയും ശ്രുതിയുമായിരുന്നു. ജയറാം കാലത്തെ കലാഭവന്റെ മുഖ്യഗായകനായിരുന്ന സാബുവിന്റെ ഭാര്യയും മകളും. ഈ പാട്ടിന്റെ താളം കേട്ടപ്പോഴേ എന്റെ മനസ്സില്‍ മണികിലുക്കി നീങ്ങുന്ന ഒരു കാളവണ്ടി തെളിഞ്ഞു. എന്റെ കുട്ടിക്കാലം ഞാനോര്‍ക്കുന്നു.

സിഡിയുടെ പേര്‌- മിടുമിടുക്കന്‍



യൂട്യൂബിലെ വീഡിയോക്ക്‌ കിട്ടിയ ഒരു കമന്റ് ഇങ്ങനെ-
nsgkumar
:-)Thanks Boss..I am loving it~

Took me so many years back down the memory lane..I vividly remember this being sung to me by Ammoomma while she desperately tried to feed my daily ration of Farex!

May be it worked..I am a Commercial Pilot who fly for a living!