മലയാളത്തിലെ ആനിമേഷന്‍ മൂവികള്‍ ഇപ്പോഴും ശൈശവാവസ്ഥയിലാണ്. നല്ല ആനിമേറ്റര്‍മാര്‍ ഇല്ലാത്തതല്ല കാരണം, മറിച്ച് മലയാളത്തിണ്റ്റെ മാര്‍ക്കറ്റ് പരിമിതിമൂലം നല്ല ആനിമേഷനുകള്‍ മലയാളത്തില്‍ നിര്‍മ്മിക്കാനാവില്ല എന്നതാണ് കാരണം. മികച്ച ആനിമേറ്റര്‍മാര്‍ എല്ലാവരും തന്നെ വിദേശ പ്രൊജക്ടുകള്‍ ചെയ്യുന്ന സ്റ്റുഡിയോകളില്‍ ജോലിചെയ്യുകയാണ്. ഉയര്‍ന്ന സാമ്പത്തികനേട്ടം ഇതിണ്റ്റെ മെച്ചമാണെങ്കിലും ഇവരില്‍ നിന്ന് മലയാളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ലഭിക്കാമായിരുന്ന ഒരുപിടി നല്ല ആനിമേഷന്‍ ചലച്ചിത്രങ്ങള്‍ നമുക്ക് നഷ്ടമാകുന്നില്ലേ?
ഇന്ത്യയിലെ ആനിമേഷന്‍ മാര്‍ക്കറ്റ് വളരെ ഇടുങ്ങിയതാണ്. അതില്‍ തന്നെ മലയാളം ഏറ്റവും ചെറുതും. പുറത്തുവരുന്ന ആനിമേഷന്‍ സിനിമകളാകട്ടെ എല്ലാം ദൈവകഥകളും. ഗണപതിയേയും കൃഷ്ണനേയും ഹനുമാനേയും നൂറുവട്ടം തിരിച്ചും മറിച്ചുമിട്ട് കഥകള്‍ പടച്ചുവിടുകയാണ് ഉത്തരേന്ത്യക്കാര്‍. നമ്മളിതുവരെ കേട്ടിട്ടില്ലാത്ത വഴികളിലൂടെയാണ് പുരാണ കഥാപാത്രങ്ങള്‍ ഇപ്പോള്‍ ചരിച്ചുകൊണ്ടിരിക്കുന്നത്. എന്ത് കഥ കിട്ടിയാലും അതിനെ പര്‍വതീകരിച്ച് അല്ലെങ്കില്‍ നിറം പിടിപ്പിച്ച് പറയണമെന്ന് എന്താണിത്ര വാശി? രാമായണ കഥ അതിണ്റ്റെ യഥാര്‍ത്ഥ മാനത്തില്‍ ആസ്വദിക്കണമെങ്കില്‍ ജപ്പാന്‍ ചെയ്ത "രാമായണം ആനിമേഷന്‍" (Ramayana: The Legend of Prince Rama) സിനിമ കാണണം എന്നുവരുന്നത് എന്ത് നാണക്കേടാണ് ഇന്ത്യാക്കാര്‍ക്ക്. മുഴുനീള "സെല്‍ ആനിമേഷന്‍" സിനിമയായിരുന്നു ജപ്പാന്‍ രാമായണം.
രാമായണം സിനിമ ജപ്പാന്‍ ചെയ്തതോ 1992-ല്‍. അന്ന് ഇന്ത്യയി ആനിമേഷന്‍ വന്നിട്ടില്ല. വിദേശ സഹായത്തോടെ ഒരു മലയാളി നിര്‍മ്മിച്ച "ഓ ഫാബി" എന്ന ലൈവ് ആക്ഷനിടയില്‍ ആനിമേഷന്‍ ഉള്‍പ്പെട്ട ഒരു സിനിമ മാത്രമേയുള്ളൂ അന്ന്. ബോംബയിലെ പ്രശസ്ത ആനിമേറ്റര്‍ റാം മോഹന്‍ മേല്‍പറഞ്ഞ ജപ്പാന്‍ പ്രൊജക്ടില്‍ പങ്കാളിയായിരുന്നു. ഇന്ത്യയില്‍ ആനിമേഷന്‍ മോശമല്ലാത്ത നിലയിലേയ്ക്ക് വളര്‍ന്ന ഇക്കാലത്തും നമുക്ക് ജപ്പാന്‍ രാമായണത്തിനോടൊപ്പം നില്‍ക്കുന്ന ഒരനിമേഷന്‍ മൂവി നിര്‍മ്മിക്കാനായിട്ടില്ല.
ഇന്ത്യയില്‍ ആനിമേഷന്‍ ഇരിക്കും മുമ്പ് കാല്‍നീട്ടുകയാണെന്ന് തോന്നുന്നു. ഹോളിവുഡ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ഹിറ്റ് ആനിമേഷനുകളെല്ലാം ജപ്പാണ്റ്റേതാണ്. അതെല്ലാം 2-ഡി ആനിമേഷനുകള്‍. എന്നാല്‍ അവരിപ്പോഴും 3-ഡിയിലേക്ക് കൂടുതല്‍ ശ്രദ്ധകൊടുത്തിട്ടില്ല. ജപ്പാന് 3ഡി ചെയ്യാന്‍ കഴിയാഞ്ഞിട്ടല്ല. മെച്ചപ്പെട്ട 3ഡി ചെയ്യാന്‍ വേണ്ട തയ്യാറെടുപ്പിലാണ് ജപ്പാന്‍. 2ഡി ആനിമേഷനില്‍ വര്‍ഷങ്ങളുടെ ലോക മികവുള്ള ഒരു രാജ്യം ഇങ്ങനെ വളരെ ശ്രദ്ധയോടെ നീങ്ങുമ്പോള്‍ നമ്മള്‍ ആദ്യം തന്നെയങ്ങ് 3ഡിയേല്‍ കളി തുടങ്ങി. നാഷണല്‍ ലെവലില്‍ വരുന്ന ആനിമേഷന്‍ സിനിമകളില്‍ പോലും "റിഗ്ഗിംഗ്" കൈവിട്ടകളിയായി മുഴച്ച് നില്‍ക്കുന്നത് കാണാം.
(ഇന്ത്യയിലെ മികച്ച ആനിമേഷന്‍ എന്ന് പറയാവുന്നത് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ 'ടൂണ്‍സ് ആനിമേഷനില്‍" ചെയ്ത തെന്നാലിരാമന്‍, ഹനിമാന്‍ റിട്ടേണ്‍സ് എന്നിവയായിരുന്നു. രണ്ടും 2-ഡിയില്‍ ചെയ്തത്. ) മലയാളത്തിലെ മികച്ച ആനിമേഷന്‍ "black moors" ചെയ്ത വിവേകം (വിക്രമാദിത്യന്‍ വേതാളം ഡോട്ട്കോം) ആയിരുന്നു. കൈരളി ടിവിയില്‍ ആഴ്ചതോറും വന്നിരുന്ന ഈ ആനിമേഷന്‍ സ്റ്റ്രിപ്പിനെക്കുറിച്ച് വളരെക്കുറച്ചുപേര്‍ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. (ഞാന്‍ ചെയ്ത "ബോബനും മോളിയും" "മിടുമിടുക്കന്‍" തിടങ്ങിയവയെക്കുറിച്ചൊന്നും അവകാശവാദമുന്നയിക്കാന്‍ ഞാനില്ല. കുറഞ്ഞ ബജറ്റിണ്റ്റെ പരിമിതിയില്‍ ചെയ്ത കാര്യങ്ങളാണവയൊക്കെ. ജൂണില്‍ റിലീസാകുന്ന "മൈ ഡിയര്‍ ബാപ്പുജി" എന്ന എണ്റ്റെ (റിയല്‍ സ്റ്റൈല്‍) ആനിമേഷന്‍ മൂവിയ്ക്ക് ആനിമേഷനേക്കാള്‍ പ്രധാന്യം വിഷയത്തിനാണ് താനും. )
പക്ഷെ മലയാളത്തില്‍ 3-ഡി ആനിമേഷനില്‍ നിര്‍മ്മിച്ച ഒരു മികച്ച ചലച്ചിത്രത്തെക്കുറിച്ച് പറയാതെവയ്യ. തീര്‍ച്ചയായും മലയാളത്തിലിതേവരെയിറങ്ങിയിട്ടുള്ളവയില്‍ (ക്ഷമിക്കണം, മലയാളത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍) ഏറ്റവും മികച്ച ആനിമേഷന്‍ എന്ന് എനിക്ക് തോന്നിയത് "പച്ചിലക്കൂട്" (My Home is Green ) എന്ന 41 മിനിട്ടുള്ള സിനിമയാണ്. തീര്‍ത്തും പ്രൊഫഷണലായി ചെയ്തിരിക്കുന്നു "പച്ചിലക്കൂട്". മികച്ച സ്ക്രിപ്റ്റും തിരക്കഥയും, അതിലുപരി മികച്ച ആനിമേഷനും. സാജന്‍ സിന്ധു കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഈ അനിമേഷന്‍ മൂവി നിര്‍മ്മിച്ചിരിക്കുന്നത് കോഴിക്കോട് "എല്ലോറ മള്‍ട്ടിമീഡിയ" ആണ്.
"പച്ചിലക്കൂടിലെ" കേന്ദ്രകഥാപാത്രം ഉറുമ്പാണ്. ഒരു ശലഭപ്പുഴുവിനെ കീടനാശിനി (എന്‍ഡോസല്‍ഫാന്‍)യില്‍നിന്ന് ഉറുമ്പ് രക്ഷിക്കുന്നതാണ് കഥാസാരം. അതിനുവേണ്ടി ഉറുമ്പ് ഒത്തിരി പ്രയാസങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു. മനുഷ്യണ്റ്റെ അനിയിന്ത്രിതമായ കീടനാശിനി പ്രയോഗങ്ങള്‍ക്കിടയില്‍ തകര്‍ക്കപ്പെടുന്ന പ്രകൃതിയെക്കുറിച്ച്, അതിലെ നിസാരമെന്ന് നമ്മള്‍ കരുതുന്ന ജീവിവൈവിധ്യങ്ങളുടെ പ്രാധാന്യം നമ്മളെ ബോധ്യപ്പെടുത്താന്‍ "പച്ചിലക്കൂടിന്" കഴിയുന്നുണ്ട്.
വളരെ സ്വാഭാവികമായ ചലനങ്ങളാണ് പച്ചിലക്കൂടിണ്റ്റെ പ്രത്യേകത. അതിണ്റ്റെ പിന്നില്‍ അഭിനയത്തെക്കുറിച്ച് നല്ല ബോധ്യമുള്ള ഒരു സംവിധായകനെ നമുക്ക് കാണാനാകും. അതുപോലെ മുഖഭാവങ്ങളും (facial expression) എടുത്ത് പറയേണ്ടതാണ്. ഇന്ത്യയില്‍ മികച്ചതെന്ന് പറയുന്ന പല 3-ഡി ആനിമേഷനുകളിലും ഇല്ലാതെപോയൊരു കാര്യമാണത്.
കഥാപാത്ര രൂപകല്‍പനയില്‍ "Bugs life" സ്വാധീനിച്ചിട്ടുണ്ടെങ്കിലും മൊത്തം നിലവാരം കണക്കിലെടുക്കുമ്പോള്‍ അതൊരു പോരായ്മയായി തോന്നില്ല. പശ്ചാത്തല ദൃശ്യങ്ങളും പ്രകാശ ക്രമീകരണവുമൊക്കെ മികച്ചതാണ്. സംഗീതവും സൌണ്ട് ഇഫക്ട്സും ഗൌരവമായിത്തന്നെ ചെയ്തിരിക്കുന്നു.
മുപ്പത്തിമൂന്നാമത് അന്താരാഷ്ട്ര വൈല്‍ഡ് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് "പച്ചിലക്കൂട്" തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നമത് സംസ്ഥാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്ക്കാരവും പച്ചിലക്കൂട് സ്വന്തമാക്കുകയുണ്ടായി. "പച്ചിലക്കൂടിണ്റ്റെ" വിതരണം ഏറ്റെടുത്തിരിക്കുന്നത് കോട്ടയത്തെ "ഡിജിറ്റല്‍ മീഡിയ" എന്ന സ്ഥാപനമാണ്.
പച്ചിലക്കൂട്
My Home is Green
41 mints
Story, Character design, Animation, Direction - Sajan Sindhu
Assossiate Direction - Jibin abraham
Produced by - Gopinath Ellora, Sree raj Ellora
Music- Shan, Midhun